Wednesday, December 17, 2025

ആകാശ് തില്ലങ്കരിക്ക് കണ്ണൂരിൽ ലൈസൻസില്ല,! മറ്റ് പരിധികളിൽ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ! നടപടിക്രമങ്ങൾ ആരംഭിച്ചു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. കണ്ണൂർ ആർടിഒ പരിധിയിൽ നിന്ന് ഇയാൾക്ക് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മറ്റ് ആർടിഒ,സബ് ആർടിഒ പരിധികളിൽ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

അതേസമയം ആകാശ് തില്ലങ്കേരിയുടെ മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച വേറേഡിയോയിൽ ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്.

വാഹനത്തിൻ്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ വിവാദമായ ഈ വാഹനം നിലവിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഇന്ന് പോലീസിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്.

രൂപമാറ്റം ചെയ്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ജീപ്പ് യാത്രയുടെ ദൃശ്യങ്ങൾ ആകാശ് സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.വയനാട് പനമരത്ത് നിന്നുള്ളതാണ് ദൃശ്യങ്ങൾ. സിനിമാ ഡയലോ​ഗുകളും ബിജിഎമ്മും തിരുകി കയറ്റി എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്. ആകാശും മറ്റ് രണ്ട് പേരും തുറന്ന ജീപ്പിൽ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിൽ. മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല. സംഭവത്തിൽ ആദ്യം അനങ്ങാ പാറ നയം സ്വീകരിച്ച മോട്ടോർ വാഹനവകുപ്പ് വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു

കെ എല്‍ പത്ത് ബിബി 3724 എന്ന ജീപ്പാണ് രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പർ പോലും പ്രദ‍ർശിപ്പിക്കാതെ ആകാശ് തില്ലങ്കരി ഓടിച്ചിരുന്നത്. ഈ വാഹനം 2021 , 2023 വ‍ർഷങ്ങളിലെല്ലാം പലതവണ നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. 2023 ല്‍ 25,000 പിഴയും ചുമത്തിയിരുന്നു.

Related Articles

Latest Articles