Sunday, December 21, 2025

ആലപ്പുഴയിൽ കാപ്പകേസ് പ്രതി തലക്കടിയേറ്റ് മരിച്ചു ! സുഹൃത്ത് അറസ്റ്റിൽ

ആലപ്പുഴ: അരൂർ എരമല്ലൂരിൽ കാപ്പകേസ് പ്രതിയെ പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണൻ ആണ് കൊല്ലപെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രേംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ജയകൃഷ്ണനെ കോട്ടയത്ത് നിന്നു കാപ്പ ചുമത്തി നാടുകടത്തിയതാണ്. തുടർന്നാണ് ഇയാൾ അരൂരിലെത്തിയത്.

എരമല്ലൂരിലെ ത്രീസ്റ്റാർ പൊറോട്ട കമ്പനിയിലെ സപ്ലയർ കം ഡ്രൈവറാണ് ജയകൃഷ്ണൻ. പൊറോട്ട നിർമാണ യൂണിറ്റില്‍ നിന്നു പോറോട്ട വാങ്ങി കടകളിൽ കൊണ്ടുപോയി വിൽക്കുന്നതായിരുന്നു ജോലി. ഇയാളുടെ സഹപ്രവർത്തകനും സുഹൃത്തുമാണ് പ്രേംജിത്ത്. ലോഡ് എടുക്കാൻ വരുന്നവർ വിശ്രമിക്കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ ജയകൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്നു തേങ്ങാ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പി പാരയും കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജയക‍ൃഷ്ണനെ പാരകൊണ്ട് അടിച്ചു കൊന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യപിക്കുന്നതിനിടയുണ്ടായ നിസാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജയകൃഷ്ണന് ക്രിമിനൽ പശ്ചാത്തലമുള്ളതുകൊണ്ട് കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിൽ എടുത്ത കോടംതുരുത്ത് സ്വദേശി പ്രേംജിത്തിനെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

Related Articles

Latest Articles