ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സർക്കാർ സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് കനത്ത മഴയിൽ ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തകർന്ന കെട്ടിടത്തിൽ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പ്രധാനാദ്ധ്യാപകനുൾപ്പെടയുള്ള സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും കുട്ടികളുംപറയുന്നു. അപകടം നടന്ന ശേഷം സ്‌കൂള്‍ അധികൃതര്‍ ഇവിടെ ക്ലാസ് നടക്കുന്നുണ്ടായിരുന്നില്ല എന്ന് വരുത്തി തീർക്കാൻ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്‌നസ് അനുവദിച്ചിരുന്നില്ല. താത്കാലിക ഫിറ്റ്‌നസിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന്റെ പണിതീരാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.

