ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സിപിഒ. ജോസഫാണ് ആക്രമം നടത്തിയത്. ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു.
ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയുണ്ടായെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായെത്തി ഹോട്ടലിലുള്ളവരെ ഭീഷണിപ്പെടുത്തുകയും ഹോട്ടലിന്റെ ചില്ല് അടിച്ചു തകർക്കുകയുമായിരുന്നു. ശേഷം ഇയാൾ ഹോട്ടലിന് അകത്തേക്കു ബൈക്കോടിച്ച് കയറ്റി. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

