മാന്നാറിൽ കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. എട്ട് മണിക്ക് നടന്ന പത്രസമ്മേളനത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോൺ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2008-2009 കാലത്തായിരുന്നു കൊലപാതകം. പാലക്കാട് സ്വദേശിക്കൊപ്പം പോയ കലയെ രണ്ട് ദിവസത്തിന് ശേഷം ഭർത്താവ് അനിൽ തിരികെ കൊണ്ടുവന്നു .ഇതിനിടെ എറണാകുളത്ത് നിന്നും ആലപ്പുഴയിലേക്കുള്ള കാർ യാത്രയ്‌ക്കിടെ ഷാൾ കഴുത്തിൽ മുറുക്കിയാണ് കലയെ കൊന്നത്. കലയുടെ ഭർത്താവ് അനിൽ തന്നെയാണ് കൊലയ്‌ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കസ്‌റ്റഡിയിലുള്ള പ്രതികളുടെ അറസ്‌റ്റ് ഉടനുണ്ടാകും.മാന്നാർ പൊലീസ് കൊലപാതകത്തിന് പുതിയ കേസ് രജിസ്‌റ്റർ ചെയ്യും. കലയെ മറവുചെയ്‌തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കൾ \ കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
അനിലിന്റെ ഭാര്യ കലയെയാണ് 15 വര്‍ഷം മുന്‍പാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനില്‍ പരാതിയും നല്‍കിയിരുന്നു. എന്നാൽ അന്വേഷണത്തില്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടു സഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ കല മറ്റൊരാളോടൊപ്പം ഒളിച്ചോടി എന്ന കഥ നാട്ടിൽ പ്രചരിക്കുകയും ചെയ്തു. പിന്നീട് അനില്‍ വീണ്ടും വിവാഹിതനായി. ഇയാള്‍ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപാണ് സംഭവത്തിൽ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ പ്രമോദ് പിടിയിലായി. അന്വേഷണത്തിൽ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഊമക്കത്തായി ചില വിവരങ്ങൾ ലഭിച്ചു. ഇതോടെ പ്രമോദിനെയും സുഹൃത്തുക്കളെയും പോലീസ് തുടര്‍ച്ചയായി നിരീക്ഷിച്ചു. കൊലപാതകമെന്ന സംശയം ബലപ്പെട്ടപ്പോഴാണ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്. മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കലയെ കുഴിച്ചുമൂടിയത്.

