Monday, December 15, 2025

ഭൗതിക ശരീരം നാട്ടിലേക്കെത്തിക്കാനുള്ള തീവ്രശ്രമം തുടരുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നു; കുവൈറ്റ് ദുരന്തത്തിൽ കേന്ദ്രസർക്കാർ എല്ലാവിധ സഹായവും ഉറപ്പുവരുത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ദില്ലി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായും പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മൃതദേഹം ഡി എൻ എ ടെസ്റ്റ് നടത്തി തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ കുവൈറ്റ് അധികൃതർ നടത്തുകയാണ്. ആ നടപടിക്രമങ്ങൾക്ക് ശേഷമേ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയു. അതിനാവശ്യമായ തീവ്രശ്രമം കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം ഉടൻ അവിടെയെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം നൽകുമെന്നും സംസ്ഥാന സർക്കാരുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും അടിയന്തിര മന്ത്രിസഭായോഗം ചേരുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ യോഗം ചർച്ചചെയ്യും. ഒരു മന്ത്രിയോ ചീഫ് സെക്രട്ടറിയോ കുവൈറ്റിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. ഇതിൽ 14 പേർ മലയാളികളാണ്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യത ആശങ്കയായി തുടരുന്നു. പ്രധാനമന്ത്രി നേരത്തെ അടിയന്തിര യോഗം വിളിച്ചിരുന്നു. വീണ്ടും വിദേശകാര്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേരാനും സാധ്യതയുണ്ട്.

Related Articles

Latest Articles