Sunday, December 14, 2025

സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയവരെല്ലാം ഹാജരാകണം; ഇന്ന് സമ്പൂർണ്ണ സിബിഐ സംഘം പൂക്കോട് കോളേജിലെത്തും

കൽപ്പറ്റ: എസ് എഫ് ഐയുടെ മർദ്ദനത്തിനും കൂട്ടവിചാരണയ്ക്കും ഇരയായ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ മുഴുവൻ പേരും ഇന്ന് വയനാട്ടിലെത്തും. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയവരെല്ലാം ഇന്ന് ഹാജരാകണമെന്ന് സി ബി ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് കോളേജിൽ എത്താനാണ് എല്ലാവർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം.

അതിനിടെ കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം, സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് സിദ്ധാർത്ഥിന്റെ പിതാവ് കഴിഞ്ഞ ദിവസം മൊഴി കൊടുത്തു. ഇന്നലെ രാവിലെ വൈത്തിരിയിൽ എത്തിയാണ് മൊഴി നൽകിയത്. സി ബി ഐയോട് പറഞ്ഞ കാര്യങ്ങൾ മനുഷ്യാവകാശ കമ്മീഷൻ മുമ്പിലും ആവർത്തിച്ചെന്നാണ് സിദ്ധാർത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് അറിയിച്ചത്. രണ്ടു മണിക്കൂർ നീണ്ടുനിന്നിരുന്നു അച്ഛന്‍രെ മൊഴിയെടുപ്പ്.

Related Articles

Latest Articles