ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ പോലീസ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാവ് ഷാനവാസിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും അയാളെ സംരക്ഷിക്കാനാകില്ലെന്നും ആരെങ്കിലും സംരക്ഷിച്ചാല്‍ അയാളെ കൂടി പാർട്ടി പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കടത്ത് സംഘവുമായി പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരേ പാർട്ടി നടപടി സ്വീകരിക്കും.
കരുനാഗപ്പള്ളിയില്‍നിന്ന് ഒരുകോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പുകയില ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടു വന്ന ലോറികളിലൊന്ന് സി.പി.എം. നേതാവും ആലപ്പുഴ നഗരസഭാ കൗണ്‍സിലറുമായ എ.ഷാനവാസിന്റെ ഉടമസ്ഥയിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, തന്റെ ലോറി കട്ടപ്പന സ്വദേശിയായ ഒരാള്‍ക്ക് മാസവാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസ് അവകാശപ്പെടുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനു സമീപത്തുനിന്നാണ് രണ്ടു ലോറികളിലായി കടത്തിയ 1,27,410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.

