വയനാട്: പോലീസ് പോക്സോ കേസിൽ കുടുക്കിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ ആണ് മരിച്ചത്. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ബന്ധുക്കൾക്ക് അയച്ചു നൽകുകയും ചെയ്തതിന് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
“പോലീസ് നടപടിയില്‍ നല്ല വിഷമമുണ്ട്. പോക്‌സോ കേസിലാണ് പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന് ഊരി വന്നാലും കാര്യമുണ്ടെന്ന് കരുതുന്നില്ല. നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകും. ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും രതിന്‍ പറയുന്നു. വെള്ളം കുടിച്ചു തന്നെ മരിക്കണം. കാലില്‍ കല്ല് കെട്ടിയിട്ടിട്ടാണ് താന്‍ ചാടുന്നത്. അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നും. മരിക്കുന്നത് തന്നെയാണ് നല്ലത്. ആരും കാണാത്ത ഒരു സ്ഥലം കിട്ടിയാല്‍ ചാടും”- രതിന്‍ വീഡിയോയില്‍ പറയുന്നു.
നേരത്തെ രതിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിൽ പനമരം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്റെ മൃതദേഹം പനമരം പുഴയില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം, പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് പോലീസ് വിശദീകരണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

