തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുടെ തലവൻ അയ്മൻ അൽ-സവാഹിരി അഫ്ഗാനിസ്ഥാനിൽ വെച്ച് മരിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം അൽ-ഖ്വയ്ദ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാർധക്യസഹജമായ അസുഖങ്ങളാൽ അയ്മൻ അൽ-സവാഹിരി മരണപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തത് അറബ് ന്യൂസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ്. അയ്മൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലെ 9/11 ഭീകരാക്രമണങ്ങളുടെ വാർഷികദിനത്തിൽ ഒരു വീഡിയോ സന്ദേശത്തിലാണ്.
2011-ൽ പാകിസ്ഥാനിലെ അബ്ബോട്ടാബാദിൽ വെച്ച് ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിനു ശേഷമാണ് അയ്മൻ അൽ-സവാഹിരി അൽ-ഖ്വയ്ദയുടെ തലവനായി ചുമതലയേൽക്കുന്നത്.
തീവ്രവാദ സംഘടനയായ ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദിന്റെ സ്ഥാപകനാണ് ഫിസീഷ്യൻ കൂടിയായ അയ്മൻ അൽ-സവാഹിരി.
അമേരിക്കയുടെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലുള്ള ഭീകരനായ അയ്മൻ, മാസങ്ങൾക്കു മുമ്പ് മരിച്ചതായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ പോളിസി (സിജിപി) ഡയറക്ടർ ഹസ്സൻ ഹസ്സനും അറിയിച്ചിരുന്നു. അയ്മനെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക നേരത്തെ 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

