എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാനക്കാരിയായ അഞ്ചു വയസുകാരിയുടെ കുടുംബത്തെ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ ഭർത്താവ് വഞ്ചിച്ചതായി ആരോപണം. വീട് വാടകയ്ക്ക് എടുത്ത് നൽകാമെന്ന് വാഗ്ദാനം നൽകി കുട്ടിയുടെ പിതാവിൽ നിന്നും 120000 രൂപ തട്ടിയെടുത്തു എന്നാണ് ആരോപണം. കുട്ടിയുടെ കൊലപാതകത്തിന് ശേഷം കുടുംബത്തെ സഹായിക്കാൻ എന്ന വ്യാജേന ഒപ്പം കൂടിയ മുനീർ എന്നയാളിനെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. വിവിധ മേഖലകളിൽ നിന്ന് കുടുംബത്തിന് സഹായങ്ങൾ എത്തിയിരുന്നു. പരാതി നൽകുമെന്ന് അറിയിച്ചതോടെ 70000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക ഇനിയും നല്കാനുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
മുനീറിനെ കുറിച്ച് തനിക്കും പരാതിയുണ്ടെന്നും താൻ നൽകിയ 20000 രൂപ കുടുംബത്തിന് ഇയാൾ നല്കിയിരുന്നില്ലെന്നും എം എൽ എ അൻവർ സാദത്തും അറിയിച്ചു. കുടുംബവും എം എൽ എ യും മുനീറിനെതിരെ പരാതി നൽകിയേക്കും. അഞ്ചു വയസുകാരിയുടെ കൊലപാതകക്കേസിൽ പ്രതി അസഫാക് ആലത്തിനെ കഴിഞ്ഞ ദിവസമാണ് പ്രത്യേക പോക്‌സോ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. മകളുടെ മരണത്തിന് ശേഷം കുടുംബം സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയിരുന്നില്ല.

