എറണാകുളം: ആലുവയിലെ ചീരക്കട ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. മൂന്ന് നേർച്ച ഭണ്ഡാരങ്ങളിൽ നിന്നായി പതിനയ്യായിരം രൂപയാണ് മോഷണം പോയത്.
മതിൽ ചാടികടന്നാണ് മോഷ്ടാവ് ഉള്ളിൽ കയറിയത്. ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും ഇന്നലെ മഴയായതിനാൽ സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കയറുകയായിരുന്നു. പ്രധാന നേർച്ച ഭണ്ഡാരം മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽ ഇത് തുറക്കാനുള്ള ശ്രമം നടന്നിട്ടില്ല.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യത്തിൽ മോഷ്ടാവിന്റെ മുഖവും മോഷണം നടന്ന സമയവും വ്യക്തമാണ്. പ്രായമായ വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അഞ്ച് വർഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

