നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ 1 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് റിപ്പോർട്ട്. ഇത് കൂടാതെ ട്രമ്പിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വീഡിയോ ആമസോൺ പ്രൈം വഴി സ്ട്രീം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ കമ്പനി മേധാവി ജെഫ് ബെസോസുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രമ്പ് വെളിപ്പെടുത്തിയിരുന്നു.
ജെഫ് ബെസോസും ട്രമ്പും തമ്മിൽ മുൻപ് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ആദ്യ തവണ ട്രമ്പ് അധികാരത്തിലേറിയപ്പോൾ ആമസോണിനെയും ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള പത്രമായ വാഷിംഗ്ടൺ പോസ്റ്റിലെ രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത ഒരു ആർട്ടിക്കിളിനെയും വിമർശിച്ചിരുന്നു. ട്രമ്പിന്റെ മുൻകാല പ്രസംഗങ്ങളെ ജെഫ് ബെസോസും വിമർശിച്ചിരുന്നു
അതേസമയം പ്രമുഖ ടെക് കമ്പനികളെല്ലാം ആമസോണിന് മുൻപ് തന്നെ ട്രമ്പിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി സംഭാവനകൾ പ്രഖ്യാപിച്ചിരുന്നു.സത്യപ്രതിജ്ഞാ ചടങ്ങിനായി മെറ്റ ഏതാണ്ട് ഒരു കോടിയോളം രൂപ സംഭാവന നല്‍കുമെന്നറിയിച്ചിരുന്നു.

