Thursday, December 18, 2025

തേജസിന്റെ വല്യേട്ടൻ ! സുഖോയ്ക്ക് പകരക്കാരൻ ! ഇരട്ട എൻജിൻ കരുത്തോടെ ചിറക് വിരിക്കാനൊരുങ്ങി എഎംസിഎ

തേജസിന് പിന്നാലെ ഭാരതം തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ ( എഎംസിഎ) എയര്‍ഫ്രെയിം രൂപകല്‍പ്പന അവസാന ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഈ വിമാനത്തിൽ ഘടിപ്പിക്കുന്ന അത്യാധുനിക റഡാറും വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതിവേഗത്തിൽ തുടരുകയാണ്.

യുദ്ധവിമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അതിന്റെ എയര്‍ഫ്രെയിം. യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തനവും അതിന്റെ രൂപവും സ്ഥിരതയും നിര്‍ണയിക്കുന്നത് അതിന്റെ എയര്‍ഫ്രെയിമിന്റെ കൃത്യതയാണ്. മറ്റ് ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതും എയര്‍ഫ്രെയിമിലാണ്.

അത്യാധുനിക സെന്‍സര്‍ ഉള്‍പ്പെടുന്ന ആധുനിക റഡാര്‍, വിമാനത്തിനായി പ്രത്യേകമായി വികസിപ്പിക്കുന്നുണ്ട്. സ്റ്റെല്‍ത്ത് സവിശേഷതയുള്ള യുദ്ധവിമാനമായാണ് എ.എം.സി.എയെ വികസിപ്പിക്കുന്നത്. എഎംസിഎ. ഇരട്ടഎന്‍ജിന്‍ യുദ്ധവിമാനമായിരിക്കും. വ്യോമസേന ഇപ്പോള്‍ ഉപയോഗിക്കുന്ന സുഖോയ് 30 എം.കെ. 1 യുദ്ധവിമാനം കാലക്രമേണ ഒഴിവാക്കുന്ന മുറയ്ക്ക് അതിന് പകരക്കാരനായി വിന്യസിക്കാനുള്ളതാണ് എഎംസിഎ. 2026 മധ്യത്തില്‍ തന്നെ എഎംസിഎയുടെ പ്രോട്ടോടൈപ്പിന്റെ ആദ്യരൂപം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028ല്‍ വിമാനത്തിന്റെ പറക്കല്‍പരീക്ഷണവും നടക്കും.

ലോകത്ത് മറ്റ് അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇന്ത്യയുടെ എഎംസിഎ. സജ്ജമായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ എഫ്-35 വികസിപ്പിച്ചെടുത്തത് 15 വര്‍ഷംകൊണ്ടാണ്. അതിനേക്കാളേറെ വേഗത്തില്‍ എ.എം.സി.എ. തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. തേജസ് വിമാനത്തിന് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ എന്‍ജിന്‍ ഉപയോഗിക്കുന്നതുപോലെ എ.എം.സി.എ.യ്ക്കും വിദേശ കമ്പനിയുടെ എന്‍ജിനായിരിക്കും ഉപയോഗിക്കുക.

Related Articles

Latest Articles