Wednesday, December 24, 2025

ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഇന്ത്യൻ പൗരൻ പദ്ധതിയിട്ടുവെന്ന അമേരിക്കയുടെ ആരോപണം ! പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം നിഖിൽ ഗുപ്തയെന്ന ഇന്ത്യൻ പൗരൻ പദ്ധതിയിട്ടുവെന്ന അമേരിക്കയുടെ ആരോപണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയത്തിൽ വിവരം നൽകിയാൽ പരിശോധിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ഇത്തരം ചില കാര്യങ്ങളിൽ പാളം തെറ്റില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“ഒരു ഇന്ത്യൻ പൗരൻ നല്ലത് ചെയ്താലും മോശം കാര്യം ചെയ്താലും അത് പരിശോധിക്കാൻ തയ്യാറാണ്. കാരണം നിയമവ്യവസ്ഥയോടാണ് രാജ്യത്തിനും സർക്കാരിനും പ്രതിബദ്ധത. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സുസ്ഥിരവും പക്വതയുളളതുമായ പങ്കാളിത്തത്തിന്റെ വ്യക്തമായ സൂചനയാണിത്. സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണവും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിലെ നിർണായക ഘടകങ്ങളാണ്. ഇത്തരം ചില സംഭവങ്ങളെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധവുമായി കൂട്ടിയിണക്കുന്നത് ഉചിതമായി കരുതുന്നില്ല. ബഹുമുഖ ലോകത്തിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന വസ്തുത നാം അംഗീകരിക്കണം. ലോകം പരസ്പരം ബന്ധിപ്പിക്കപ്പെടുകയും പരസ്പരാശ്രിതത്വം ശക്തമാകുകയുമാണ് ” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വിദേശരാജ്യങ്ങൾ കേന്ദ്രീകരിക്കുന്ന ഭീകരർ ഉയർത്തുന്ന ഭീഷണിയിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ കലാപത്തിന് പ്രേരിപ്പിക്കുകയും പ്രചോദനം നൽകുകയുമാണ് ഇത്തരം സംഘങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ വാടകക്കൊലയാളിയെ സംഘടിപ്പിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനാണ് നിഖിൽ ഗുപ്തയെ ഏർപ്പെടുത്തിയത് എന്ന തരത്തിലാണ് അമേരിക്ക കുറ്റപത്രം സമർപ്പിച്ചത്. വിഷയത്തിൽ വിവിധ വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles