Tuesday, December 23, 2025

ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരൂ; കെജ്‍രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ

ദില്ലി: യുമുനാ നദി ശുചീകരണ വിഷയത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദില്ലിയിലെ നജഫ്ഗഢിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരാൻ അമിത് ഷാ കെജ്‌രിവാളിനെ വെല്ലുവിളിച്ചത്. നദിയുടെ ശുദ്ധീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും യമുനയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്. കെജ്‍രിവാള്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ കുപ്പായമൂരി യമുനയിലൊന്ന് മുങ്ങിനിവരണം. നദിയിലെ ജലത്തിന്‍റെ അവസ്ഥ നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു.

യമുന ശുദ്ധീകരിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറും. ദില്ലിയിലെ മലിനീകരണത്തിന് ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ അത് കെജ്‍രിവാള്‍ സര്‍ക്കാറാണെന്നും ഷാ കുറ്റപ്പെടുത്തി. ദില്ലിയിലെ റോഡുകള്‍ യൂറോപ്യന്‍ നിലവാരത്തിലാക്കുമെന്ന് കെജ്‍രിവാള്‍ പറഞ്ഞെങ്കിലും നിറയെ കുഴികളാണെന്നും അമിത് ഷാ ആരോപിച്ചു.

Related Articles

Latest Articles