ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയും. നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
‘‘മോദിജിക്ക് 75 വയസ് തികയുന്നതിൽ കെജ്‌രിവാളും ഇന്ത്യാ സഖ്യവും സന്തോഷിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല.
അത് പാർട്ടിയുടെ ഉള്ളിൽ ഉള്ള ഒരു കീഴ്വഴക്കം മാത്രമാണ്. നേതാക്കളുടെ ശാരീരിക ആരോഗ്യവും പ്രവർത്തിക്കാനുള്ള കഴിവും നേതൃത്വപാടവവും ആണ് സജീവ രാഷ്ട്രീയത്തിലെ സുപ്രധാന ഘടകങ്ങൾ. ഇവയിൽ കോട്ടം സംഭവിക്കുമ്പോഴാണ് സജീവ രാഷ്ട്രീയത്തിൽ നിന്നുമുള്ള വിശ്രമം വേണ്ടി വരുന്നത് ” എന്ന് അമിത് ഷാ പറഞ്ഞു.
അതേസമയം, കെജ്‌രിവാളിന് മറുപടിയുമായി ബിജെപി വക്താവ് സുധാംശു ത്രിവേദിയും രംഗത്തെത്തി. 50 ദിവസത്തെ തീഹാർ സെല്ലിലെ ഏകാന്തവാസത്തിനു ശേഷം ഇത്രയും ആളുകളെ കാണുമ്പൊൾ ഉന്മാദം പൂണ്ടു കുടിയന്മാരെപോലെ നിയന്ത്രണം നഷ്ടമായി ചിലര്‍ സത്യം പറയുന്നത് പോലെയാണ് കെജ്‌രിവാൾ എന്ന് ത്രിവേദി പരിഹസിച്ചു. ഇത്തവണ മോദി തന്നെയാകും അധികാരത്തില്‍ വരികയെന്ന് കെജ്‌രിവാള്‍ സമ്മതിച്ചിരിക്കുന്നു. താന്‍ വീണ്ടും ജയിലില്‍ പോയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറയുന്നില്ലെന്നും സുധാംശു ത്രിവേദി പറഞ്ഞു.

