കണ്ണൂർ : മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് ജയിൽ മോചിതരായതിൽ കേന്ദ്ര സർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി പറഞ്ഞ് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേന്ദ്ര സർക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ സഹായിച്ചതെന്നും, വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷാ നൽകിയ ഉറപ്പ് പാലിച്ചതിൽ സന്തോഷമുണ്ടെന്ന് ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. ഛത്തീസ്ഗഢ് സർക്കാരിന്റെ എതിർപ്പിനെ മറികടന്ന് കേന്ദ്രം കാര്യമായ ഇടപെടൽ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും, കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ അസിസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ് (തലശ്ശേരി), സിസ്റ്റർ പ്രീതി മേരി (അങ്കമാലി) എന്നിവരാണ് ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവർ കന്യാസ്ത്രീകളെ സ്വീകരിക്കാൻ ദുർഗ്ഗിലെ ജയിലിലെത്തിയിരുന്നു,
നേരത്തെ എൻഐഎ കോടതി ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിന് പുറമെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, രാജ്യം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, രണ്ടാഴ്ചയിലൊരിക്കൽ സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. മതപരിവർത്തന മാഫിയ സജീവമായ ദുർഗിൽ പെൺകുട്ടികളെയും കന്യാസ്ത്രീകളെയും കണ്ടതോടെ ആളുകൾ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെൺകുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നൽകിയതോടെ സ്ഥിതി വഷളാകുകയായിരുന്നു

