ദില്ലി : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ലോക്‌സഭയിൽ പരസ്‌പരം ഏറ്റുമുട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെടുത്താനായി രാഹുല്‍ ഗാന്ധി ഇടപെട്ടതോടെയാണ് സഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
‘എന്റെ പത്രസമ്മേളനങ്ങളെക്കുറിച്ച് ഒരു സംവാദത്തിന് നിങ്ങളെ വെല്ലുവിളിക്കുന്നു’ എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ അമിത് ഷാ ഉടൻ തന്നെ തിരിച്ചടിച്ചു ‘ഞാൻ എന്താണ് സംസാരിക്കേണ്ടതെന്ന് അദ്ദേഹത്തിന് (രാഹുൽ ഗാന്ധിക്ക്) തീരുമാനിക്കാൻ കഴിയില്ല, അദ്ദേഹം ക്ഷമയോടെയിരിക്കാൻ പഠിക്കണം. എന്റെ പ്രസംഗത്തിന്റെ ക്രമം ഞാൻ തീരുമാനിക്കും, എന്ത് സംസാരിക്കണമെന്ന് ഞാൻ തീരുമാനിക്കും’ എന്നായിരുന്നു അമിത് ഷായുടെ മറുപടി.
“എസ്‌ഐആര്‍ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരല്ല. അതിനാല്‍, ഇതേക്കുറിച്ച് ചര്‍ച്ചനടത്തുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ ആരാണ് ഉത്തരം നൽകുക ? എന്നാല്‍, ചര്‍ച്ചയില്‍നിന്ന് ഒളിച്ചോടില്ലെന്ന് കാണിക്കാന്‍ ചര്‍ച്ചനടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
വോട്ടര്‍പട്ടിക പരിഷ്‌കരണം പുതിയ കാര്യമല്ല. മിക്ക എസ്‌ഐആറും നടത്തിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തും അതുനടന്നിരുന്നു. എന്നാല്‍, അതേ കോണ്‍ഗ്രസ് ഇപ്പോള്‍ എസ്‌ഐആറിനെക്കുറിച്ച് തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഒരു വോട്ടര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുചെയ്യാന്‍ കഴിയുമോ, അതിനാല്‍ എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിനാണ്.
രാജ്യത്തെ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതില്‍ പ്രതിപക്ഷം ആശങ്കാകുലരാണ്. കാരണം, അവരെ പിന്തുണയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ എസ്‌ഐആറിലൂടെ ഇല്ലാതാകും. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ അനധികൃത കുടിയേറ്റക്കാരും പങ്കാളികളാകണോ? നവംബര്‍ അഞ്ചിന് പ്രതിപക്ഷനേതാവ് ഒരു അണുബോംബിട്ടു. പക്ഷേ, ആ വോട്ടര്‍പട്ടികയില്‍ പേരുള്ളവരെല്ലാം ഹരിയാണയില്‍ നിലവിലുള്ളവരാണ്. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതില്‍ തെറ്റുപറ്റിയതാണെന്ന് ബിഹാറിലെ വോട്ടര്‍ മിന്റാ ദേവിയും പറഞ്ഞു. നിങ്ങള്‍ ജയിക്കുമ്പോള്‍ നിങ്ങള്‍ പുതിയ വസ്ത്രമെല്ലാം ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. നിങ്ങള്‍ വിജയിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മികച്ചതാകുന്നു. എന്നാല്‍, നിങ്ങള്‍ തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിവുകെട്ടവരാകുന്നു. അത്തരം ഇരട്ടത്താപ്പ് നടക്കില്ല .”- അമിത് ഷാ പറഞ്ഞു

