Thursday, January 1, 2026

കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി കാണാന്‍ ആഗ്രഹമില്ലേ ? ലോക് സഭയില്‍ കോണ്‍ഗ്രസ് ചോദ്യത്തിന് മുന്നില്‍ പൊട്ടിത്തെറിച്ച് അമിത് ഷാ

ദില്ലി: ജമ്മു കശ്മീര്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. കശ്മീര്‍ സംസ്ഥാനം രണ്ടായി പുന-സംഘടിപ്പിച്ചുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ഇന്നലെ ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ടുള്ള പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. കശ്മീര്‍ ജനതയ്ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ബില്ലും ആഭ്യന്തരമന്ത്രി അവതരിപ്പിച്ചു.

ബില്‍ അവതരിപ്പിക്കാന്‍ അമിത് ഷായെ ക്ഷണിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹളം വച്ചു. നിയമം ലംഘിച്ചാണ് ബില്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടു വന്നതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ഇതിനെ അമിത് ഷാ ശക്തമായി എതിര്‍ത്തു. എന്താണ് നിയമലംഘനം എന്ന് പറയൂ എന്നായിരുന്നു അമിത് ഷായുടെ തിരിച്ചടി.ഇത്തരമൊരു ബില്‍ അവതരിപ്പാക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വാദം. കശ്മീരില്‍ യുഎന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത് വൈരുദ്ധ്യമാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ എന്നതില്‍ പ്രതിപക്ഷത്തിന് സംശയമുണ്ടോ എന്നായിരുന്നു അമിത് ഷായുടെ മറു ചോദ്യം.
സ്പീക്കര്‍ ഇടപെട്ടതിന് പിറകെ അമിത് ഷാ ബില്‍ അവതരിപ്പിച്ചു. ഇതിനിടയിലും പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി.

Related Articles

Latest Articles