Wednesday, December 17, 2025

രാജ്യത്തിന് എക്കാലവും ഒരു മുതൽക്കൂട്ട് ! വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും ഔപചാരികമായ ഉദ്ഘാടനം നടന്നിരുന്നില്ല. കഴിഞ്ഞ ഡിസംബര്‍ മാസം തുറമുഖത്തിന്റെ ചരക്ക് കയറ്റിറക്കു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുര്‍ക്കി കഴിഞ്ഞയാഴ്ച വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്നു.

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് ലഭിച്ചു. മേയ് രണ്ടിന് നടക്കുന്ന വിപുലമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എന്‍ വാസവന്‍, പി.രാജീവ്, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനേവാള്‍, ശശി തരൂര്‍ എം.പി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയ പ്രമുഖര്‍ എത്തുമെന്നാണ് വിവരം.

പി.പി.പി. മാതൃകയില്‍ പണി പൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ തുറമുഖനിര്‍മാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.

Related Articles

Latest Articles