തിരുവനന്തപുരം: പഞ്ചായത്ത് വക സ്ഥലത്തുനിന്നും പതിനായിരങ്ങൾ വിലവരുന്ന മരങ്ങൾ അനധികൃതമായി മുറിച്ചുകടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു.ആനാട് ഗ്രാമപ്പഞ്ചായത്തിലെ മന്നൂർക്കോണം വാർഡിലെ കൂപ്പ് പ്രദേശത്തുനിന്ന മരങ്ങളാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്.
പഞ്ചായത്ത് പുതുതായി നിർമിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ നിർമിക്കുന്ന ഭൂമിയിൽനിന്നാണ് മരങ്ങൾ മുറിച്ചത്. മരങ്ങൾ ലേലം ചെയ്തു നൽകാതെയാണ് മുറിച്ചിട്ടത്. പിന്നീട് തടി ഇവിടെനിന്നു കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. സർക്കാർ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന്റെ അനുമതി വേണം. പഞ്ചായത്ത് ആവശ്യപ്പെടുന്ന മുറയ്ക്ക് ഇവർ സ്ഥലം സന്ദർശിച്ച് മരത്തിന് വില നിശ്ചയിച്ച് അനുമതി നൽകുകയാണ് പതിവ്. ഇവർ നിശ്ചയിച്ചുനൽകുന്ന തുകയ്ക്ക് തടി ലേലം ചെയ്തു നൽകണമെന്നാണ് ചട്ടം. പഞ്ചായത്തുവകആയതിനാൽ പഞ്ചായത്ത് നോട്ടീസ് നൽകി മരങ്ങൾ ലേലം ചെയ്യേണ്ടതായിരുന്നെങ്കിലും ഇതൊന്നും പാലിക്കാതെ മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു.

