തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ എടിഎം തകർത്ത് പണം തട്ടാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കാനറ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ വട്ടിയൂര്‍ക്കാവിലെ ഒരു ഹോട്ടലിലെ ജോലിക്കാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് തന്‍വീറിനെയാണ് (29) പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു മോഷണ ശ്രമം നടന്നത് . കൗണ്ടറില്‍ പ്രവേശിച്ച മുഹമ്മദ് തന്‍വീർ എടിഎം യന്ത്രത്തിന്റെ മുന്‍വശത്തെ താഴ്ഭാഗത്തുള്ള പാനല്‍ഡോര്‍ പൂട്ടുപൊളിച്ച് ബാറ്ററി പാനല്‍ ഇളക്കി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ അലാറം മുഴങ്ങി. ഇതോടെ ഭയപ്പെട്ട ഇയാൾ മോഷണ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

