തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്‍റർമീഡിയ ക്രിക്കറ്റ് ലീഗിന് സെൻട്രൽ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. പുരുഷന്മാരും വനിതകളുമടക്കം 23 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റിൽ ആദ്യദിനം എട്ടുമത്സരങ്ങളാണ് നടന്നത്.
ഉദ്ഘാടന മത്സരത്തിൽ ജനം ടി.വി എ ടീം എട്ടു റൺസിന് ദേശാഭിമാനി എ ടീമിനെ തോൽപ്പിച്ചു. 31 ബാളിൽ പുറത്താകാതെ സെഞ്ചുറി നേടിയ അഖിൽരാജിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ജനം ടിവിയുടെ അവേശകരമായ വിജയം. തുടർന്നുള്ള മത്സരങ്ങളിൽ മാതൃഭൂമി, മാധ്യമം, കേരള കൗമുദി എ ടീം, ദീപിക, അമൃത ടി.വി, ദേശാഭിമാനി എ,ബി ടീമുകൾ വിജയിച്ചു.
നാളെ രാവിലെ ഏഴ് മുതൽ രണ്ടാം റൗണ്ട് ലീഗ് മത്സരങ്ങൾ ആരംഭിക്കും. ബുധനാഴ്ച ക്വാർട്ടർ ഫൈനലും വ്യാഴാഴ്ച ഫൈനൽ മത്സരങ്ങളും നടക്കും. മാതൃഭൂമി, ജനയുഗം, ഏഷ്യാനെറ്റ് ന്യൂസ്.കോം, അമൃത ടി.വി തുടങ്ങിയ സ്ഥാപനങ്ങളിൽ വനിതകളുടെ ക്രിക്കറ്റ് മത്സരം വ്യാഴാഴ്ചയാണ്. ടൂർണമെന്‍റിന്‍റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് നാലിന് മുൻ രഞ്ജിട്രോഫി താരങ്ങളും ബെവ്കോ ജീവനക്കാരും തമ്മിലുള്ള ക്രിക്കറ്റ് മത്സരവും സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറുമെന്ന് പ്രസ് ക്ലബ് പ്രസിഡന്‍റ് പി.ആർ. പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.

