തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം എബിവിപി സംസ്ഥാന പ്രസിഡന്റ് ഈശ്വർ പ്രസാദിനെയും മറ്റ് നേതാക്കളെയും പോലീസ് നോക്കി നിൽക്കെ അതിക്രൂരമായി മർദ്ദിച്ച സിപിഎം കൗൺസിലർ ഉൾപ്പടെയുള്ള പ്രാദേശികനേതാക്കളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗവും മുൻ മിസോറാം ഗാവ്രണറുമായ കുമ്മനം രാജശഖരൻ.
“എബിവിപി നേതാക്കളുടെ ഭാഗത്ത് കൊടിയോ മുദ്രാവാക്യം വിളിയോ പ്രകോപനമോ ഉണ്ടായിട്ടില്ല. രാത്രി 10 മണിക്ക് ബസ് സ്റ്റാൻഡിന് സമീപം ആഹാരം കഴിക്കാൻ വേണ്ടി എത്തിയപ്പോൾ പോലീസ് സിപിഎം കൗൺസിലർക്കും മറ്റും അക്രമത്തിന് വഴിയൊരുക്കിക്കൊടുത്തു. പോലീസിന്റെ മുന്നിലിട്ട് സിപിഎം അക്രമികൾ എബിവിപി നേതാക്കളെ ചവിട്ടിയും അടിച്ചും തൊഴിച്ചും വീഴ്ത്തി. ക്രൂര മർദ്ദനം മൂലം വേദന കൊണ്ട് റോഡിൽ കിടന്ന് പുളയുമ്പോഴും പോലീസ് അക്രമികൾക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. അക്രമത്തിനിരയായവരെ വണ്ടിയിൽ ആശുപത്രിയിലാക്കാനുള്ള മനുഷ്യത്വമോ മര്യാദയോ പോലും പോലീസിനുണ്ടായില്ല. ആശുപത്രിയിൽ വെച്ചും പോലീസിന്റെ ഭീഷണിയും ആക്രോശവുമുണ്ടായി.
മനുഷ്യാവകാശധ്വംസനവും പൗരാവകാശ നിഷേധവുമാണ് സിപിഎമ്മും പോലീസും ചേർന്ന് നടത്തിയത്. . മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണം. പൗരന്റെ ജീവനു സംരക്ഷണം നൽകാത്ത പോലീസ് ഉദ്യോഗസ്ഥന്മാരെ ഡിജിപി സർവ്വീസിൽ നിന്നും പുറത്താക്കണം.”- കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

