ദില്ലി : വരുംതലമുറകൾക്ക് പ്രചോദനമാകുന്ന വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് ഹോക്കിയിലെ ഒളിമ്പിക് മെഡൽ നേട്ടത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസ് ഒളിമ്പിക്സിൽ ഭാരതത്തിന്റെ ഹോക്കി ടീം രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്നിരിക്കുന്നുവെന്ന് ഓരോ ടീമംഗത്തെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഈ മെഡൽ നേട്ടം ഏറെ വിശേഷപ്പെട്ടതാണ്. കാരണം ഒളിമ്പിക്സിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭാരതത്തിന്റെ ഹോക്കി ടീം മെഡൽ നേടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈദഗ്ധ്യവും സ്ഥിരോത്സാഹവും ടീം സ്പിരിറ്റുമാണ് വിജയത്തിലേക്ക് നയിച്ചത്. ടീമംഗങ്ങളുടെ നിശ്ചയദാർഡ്യം ആഴത്തിലുള്ളതായിരുന്നു. ഓരോ ഇന്ത്യക്കാരനും ഹോക്കിയോട് വൈകാരികമായ അടുപ്പമാണുള്ളത്. നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഹോക്കിയെന്ന കായികയിനത്തിന്റെ ജനപ്രീതി വീണ്ടുമുയരാൻ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒളിമ്പിക്സിലും വെങ്കല മെഡൽ നേടാൻ ഭാരതത്തിന്റെ ഹോക്കി ടീമിന് കഴിഞ്ഞിരുന്നു. നായകൻ ഹർമൻപ്രീത് സിംഗിന്റെ രണ്ട് ഗോളുകളും മലയാളി താരം പി.ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളുമായിരുന്നു ഭാരതത്തിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ പാരിസ് ഒളിമ്പിക്സിൽ ഭാരതം നേടിയ മെഡലുകളുടെ എണ്ണം നാലായി.

