കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. സഞ്ജു ഗുരുതരമായ നിയമലംഘനമാണു നടത്തിയതെന്നും സ്ഥിരം കുറ്റക്കാരനാണെന്നും സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നുമാണ് മോട്ടോര്‍വാഹന വകുപ്പ് പറഞ്ഞിരിക്കുന്നത്. അമ്പലപ്പുഴയിലെ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ഓഫീസില്‍ നേരിട്ടെത്തി സഞ്ജു ഉത്തരവു കൈപ്പറ്റി.
പ്രായപൂര്‍ത്തിയാകാത്ത ആളെക്കൊണ്ടു വാഹനമോടിപ്പിച്ചതിനു കോടതിനടപടികള്‍ മുന്‍പും ഇയാള്‍ക്കു നേരിടേണ്ടിവന്നിട്ടുണ്ട്. 35,000 രൂപയും അന്നു പിഴവിധിച്ചിരുന്നു. എന്നിട്ടും തുടര്‍ച്ചയായി യുട്യൂബ് ചാനലിലുടെ നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി എംവിഡി. കണ്ടെത്തി. അതാണ് നടപടിക്കു വഴിവെച്ചത്.നിലവിൽ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍ബന്ധിത സന്നദ്ധസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സഞ്ജുവും സുഹൃത്തുക്കളും.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണെന്നും അതിനാൽ കടുത്ത നടപടി സ്വീകരിക്കരുതെന്നും മോട്ടോർ വാഹന വകുപ്പ് നോട്ടീസിൽ നൽകിയ വിശദീകരണത്തിൽ സഞ്ജു ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി, ഗതാഗത വകുപ്പ് മന്ത്രി തുടങ്ങിയവര്‍ ഈ കേസില്‍ ഇടപെടുകയും കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എത്തുകയായിരുന്നു.
കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക്ക് ടർപോളിൻ കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കി മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് സഞ്ജു നടത്തിയ യാത്രയാണ് വിവാദമായത്. ഇതിൻ്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കിടെ ടാര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു. സഞ്ജു ഉള്‍പ്പെടെ എല്ലാവരേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയുമായിരുന്നു.കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി.ഇതിന് പിന്നാലെ മോട്ടോര് വാഹനവകുപ്പിനെയും മാദ്ധ്യ മങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തു.യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംഭവത്തിൽ സ്വമേധയാ ഇടപെടുകയും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഓയോട് നിർദ്ദേശിക്കുകയുമായിരുന്നു.
മോട്ടോര്‍ വാഹനവകുപ്പ് ആജീവനാന്തമാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനാകും. ഇത്തരത്തില്‍ കോടതിയില്‍ പോയി റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് തേടാനുള്ള സാധ്യതയുണ്ട്. നിലവിലെ നടപടി അനുസരിച്ച് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയത്.

