തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ 42-ാമത് ആനയൂട്ട് ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 70-ഓളം ആനകളാകും പങ്കെടുക്കുക. 15 പിടിയാനകളും ഇത്തവണ ആനയൂട്ടിലെത്തും. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ ആനയൂട്ടിൽ പങ്കെടുക്കുന്നത്. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്‌ട ദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. 12,008 നാളികേരം, 2,000 കിലോ ശർക്കര, 2,000 കിലോ അവിൽ, 500 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ച് 60 പേർ ചേർന്നാണ് അഷ്‌ടദ്രവ്യം തയ്യാറാക്കുന്നത്. രാവിലെ 9.30-ഓടെയാണ് ആനയൂട്ട് ആരംഭിക്കുക. തുടർന്ന് ഒരു മാസക്കാലം ആനകൾക്ക് സുഖചികിത്സയാണ്.
ഗുരുവായൂർ ലക്ഷ്‌മി എന്ന കുട്ടിയാനയ്‌ക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിടും. 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഉരുളകളും കൂടാതെ കൈതച്ചക്ക,കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴവർഗങ്ങളും ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും ഉൾപ്പെടുന്നതാണ് ആനയൂട്ട്. അതേസമയം, ഭക്തർക്ക് ആനകൾക്ക് ഊട്ട് നൽകാനും അവസരമുണ്ട്. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പടിഞ്ഞാറെ ഗോപുരത്തിന് സമീപം റാമ്പ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മണി മുതൽ 10,000 പേർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്.
വെറ്ററിനറി ഡോക്ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ പരിശോധനകൾ കഴിഞ്ഞാകും ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം കെ സുദർശൻ പറഞ്ഞു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴിയാണ് ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയെന്നും നീരിൽ ഉള്ള ആനകളെ ഒഴിവാക്കിയിട്ടുണ്ടെന്നും വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി കെ ഹരിധരനും വ്യക്തമാക്കി. ഊട്ടിനൂ ശേഷം ആനകൾ കിഴക്കേ ഗോപുരം വഴിയാകും പുറത്തേക്ക് പോകുക.

