Friday, December 12, 2025

ആന്ധ്രയിൽ സമ്പൂർണ മദ്യനിരോധനം വരുന്നു; ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കി

അമരാവതി: ആന്ധ്രാപ്രദേശിൽ സമ്പൂർണ മദ്യ നിരോധനം നടപ്പാക്കാനൊരുങ്ങുന്നു.ഇതിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി. ഡിസംബര്‍ 31ന് ശേഷം ബാറുകള്‍ പ്രവര്‍ത്തനം നിര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂര്‍ണ്ണ മദ്യനിരോധനം. ഘട്ടം ഘട്ടമായി ബാറുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരിയില്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കും. എന്നാല്‍ 40 ശതമാനം ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുക. നിലവില്‍ 798 ബാറുകളാണ് ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്നത്. 2022 വരെ പ്രവര്‍ത്തിക്കാനുള്ള ലൈസൻസാണ് നല്‍കുക. നേരത്തെ സ്വകാര്യ വ്യക്തികള്‍ക്ക് വൈന്‍ ഷോപ്പ് നടത്താനുള്ള അനുമതി റദ്ദാക്കിയിരുന്നു.

ജനുവരി ഒന്ന് മുതല്‍ ബാറുകളുടെ പ്രവര്‍ത്തന സമയം ചുരുക്കാനും തീരുമാനമുണ്ട്. പുതിയ സമയപ്രകാരം രാവിലെ 11 മണി മുതല്‍ രാത്രി എട്ട് മണി വരെയാകും ബാറുകളുടെ സമയക്രമം. അതേസമയം ബാറുടമകൾ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 2020 ജൂണ്‍ വരെ ലൈസന്‍സ് അനുമതിയുണ്ടെന്നും ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കാനാകില്ലെന്നുമാണ് ബാറുടമകളുടെ വാദം.

Related Articles

Latest Articles