Tuesday, December 23, 2025

അഞ്ജുശ്രീയുടെ മരണം ; ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കും,പ്രാഥമിക റിപ്പോർട്ട് നൽകി ജില്ലാ മെഡിക്കൽ ഓഫീസർ

കാസര്‍ഗോഡ് : ഭക്ഷ്യവിഷബാധയേറ്റ് ഇന്നലെ മരണപ്പെട്ട അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കും.ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട ചികിത്സയുടെ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് അന്വേഷിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അൽ റൊമാൻസിയ ഹോട്ടലിൽ ഒരു മാസം മുൻപ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയിൽ ഒരു സ്‍ക്വാഡ് വീതം പരിശോധന നടത്തും.

അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്. ഇന്നലെ അല്‍ റൊമന്‍സിയ ഹോട്ടല്‍ ഉടമയേയും രണ്ട് പാചകക്കാരേയും വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭക്ഷ്യവിഷബാധയാണെന്ന സ്ഥിരീകരണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും പൊലീസ് കൂടുതല്‍ നടപടികളിലേക്ക് പോവുക.

Related Articles

Latest Articles