കോയമ്പത്തൂർ : തമിഴ്നാട്ടിൽ ഡിഎംകെയുടെ ദുഷ്ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ലെന്ന് ശപഥമെടുത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അണ്ണാമലൈയുടെ പ്രഖ്യാപനം. പിന്നാലെ അദ്ദേഹം ചെരിപ്പ് അഴിച്ചുമാറ്റുകയും ചെയ്തു. നാളെ വീടിന് മുന്നിൽ 48 മണിക്കൂർ വ്രതമെടുക്കും. ആറുതവണ സ്വയം ചാട്ടവാറടിയേറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തുന്ന വിധത്തിലാണ് പോലീസ് എഫ്ഐആർ എഴുതിയിരിക്കുന്നതെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. ‘എഫ്ഐആർ എങ്ങനെയാണ് ചോർന്നത്? എഫ്ഐആർ ചോർത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. പോലീസും ഡിഎംകെയും ലജ്ജിക്കണം. നിർഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാംപസിൽ സിസിടിവി ക്യാമറ ഇല്ലാത്തത്’-അണ്ണാമലൈ ചോദിച്ചു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

