Monday, December 22, 2025

സംസ്ഥാനത്ത് ആശുപത്രി ജീവനക്കാർക്ക് നേരെ വീണ്ടും ആക്രമണം; രക്തപരിശോധനാ ഫലം വൈകുമെന്നറിയിച്ചതിനെ തുടർന്ന് സെക്യൂരിറ്റിയെയും ലാബ് ടെക്‌നീഷ്യനെയും മർദ്ദിച്ചതായി പരാതി; അക്രമികൾ മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാർ

നെടുമങ്ങാട്: സംസ്ഥാനത്ത് ആശുപത്രി ജീവനക്കാർക്ക് നേരെ വീണ്ടും ആക്രമണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. രോഗിക്കൊപ്പം എത്തിയവർ സെക്യൂരിറ്റിയെയും ലാബ് ടെക്‌നീഷ്യനെയും മർദ്ദിക്കുകയായിരുന്നു. രക്തപരിശോധനാ ഫലം വൈകുമെന്നറിയിച്ചതിനെ തുടർന്നാണ് ആക്രമണം.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഗർഭിണിയുമായി ആശുപത്രിയിലെത്തിയവരാണ് ആക്രമണം നടത്തിയത്. യുവതിയെ പരിശോധിച്ച ശേഷം രക്തപരിശോധന നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് ബന്ധുക്കൾ പരിശോധനയ്ക്കായി ലാബിലെത്തി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബാണിത്.

സാങ്കേതിക കാരണത്താൽ രക്തപരിശോധനാ ഫലം വൈകിപ്പിക്കുമെന്ന് ലാബ് ടെക്‌നീഷ്യൻ ഇവരെ അറിയിച്ചു. ഇതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. തുടർന്ന് ലാബ് ടെക്‌നീഷ്യനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. തടയാനെത്തിയ സെക്യൂരിറ്റിക്കും മർദനമേറ്റു. അക്രമികൾ മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാർ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles