Tuesday, December 16, 2025

വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി ; ഇന്ന് മാത്രം ഭീഷണി സന്ദേശമെത്തിയത് 95 വിമാനങ്ങൾക്ക് നേരെ ; എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു

ദില്ലി : രാജ്യത്ത് വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. 95 വിമാനങ്ങൾക്കുനേരെയാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്‌താര, സ്‌പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ മുൻനിര വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്.

25 ആകാശ എയർഫ്ളൈറ്റ്, 20 വീതം എയർ ഇന്ത്യ, ഇൻഡിഗോ, വിസ്‌താര, അഞ്ചുവീതം സ്‌പൈസ് ജെറ്റ്, അലയൻസ് എയർ എന്നീ വിമാനങ്ങൾക്കുനേരെയാണ് ഇന്ന് ഭീഷണി ഉയർന്നത്. സംഭവത്തിൽ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം, 170ലധികം വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. അവയിൽ ഭൂരിഭാഗവും സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നായിരുന്നു. ഇവ പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

വ്യാജബോംബ് ഭീഷണികൾക്ക് പിന്നില്‍ സൈബര്‍ വിദഗ്ധരുടെ സംഘമെന്നാണ് നിഗമനം. സംഭവത്തിൽ കേന്ദ്ര സൈബര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഭീഷണി സന്ദേശങ്ങളെത്തുന്നത് വിപിഎൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണെന്നതിനാൽ ഇവയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ അവ്യക്തമാണ്.കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീഷണി സന്ദേശങ്ങള്‍ അയച്ച കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസുകള്‍ അവ്യക്തമായി തുടരുന്നതിനാൽ യഥാര്‍ഥ ഐ പി അഡ്രസ് കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികളോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട് .

Related Articles

Latest Articles