Monday, December 15, 2025

പ്രണയപ്പകയിൽ വീണ്ടും കൊലപാതകം!ലിവ് ഇന്‍ പങ്കാളിയായിരുന്ന യുവതിയെ ടാക്‌സി ഡ്രൈവര്‍ നടുറോഡിലിട്ട് തീകൊളുത്തി കൊന്നു

പ്രണയപ്പകയിൽ വീണ്ടും കൊലപാതകം. ലിവ് ഇന്‍ പങ്കാളിയായിരുന്ന യുവതിയെ ടാക്‌സി ഡ്രൈവര്‍ നടുറോഡിലിട്ട് തീകൊളുത്തി കൊന്നു. സംഭവുമായി ബന്ധപ്പെട്ട് വിതാല്‍ എന്നയാൾ പിടിയിലായി.നേരത്തേ വിതാലിനൊപ്പം താമസിച്ചിരുന്ന വനജാക്ഷി(35)യെയാണ് ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വനജാക്ഷി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു

ടാക്‌സി ഡ്രൈവറായ പ്രതിയും യുവതിയും നാലുവര്‍ഷം മുന്‍പാണ് ഒരുമിച്ച് താമസം ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്. വിതാല്‍ നേരത്തേ മൂന്നുതവണ വിവാഹംകഴിച്ചയാളാണ്. വനജാക്ഷി രണ്ടുതവണ വിവാഹിതയായിരുന്നു. ഇതിനുശേഷമാണ് നാലുവര്‍ഷം മുന്‍പ് ഇരുവരും ബെംഗളൂരുവില്‍ ഒരുമിച്ച് താമസം തുടങ്ങിയത്.

മദ്യപിച്ചുള്ള വിതാലിന്റെ ഉപദ്രവം സഹിക്കവയ്യാതെ വനജാക്ഷി അടുത്തിടെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. താമസം മാറുകയുംചെയ്തു. ഇതിനിടെ മാരിയപ്പ എന്നയാളുമായി വനജാക്ഷി അടുപ്പത്തിലായി. ഇതിന്റെ വിരോധത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

സംഭവദിവസം വനജാക്ഷിയും മാരിയപ്പയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ തിരികെ മടങ്ങുകയായിരുന്നു. ഡ്രൈവറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ട്രാഫിക് സിഗ്നലില്‍വെച്ച് മൂവരും സഞ്ചരിച്ചിരുന്ന കാര്‍ വിതാല്‍ തടഞ്ഞു. തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്ന മൂന്നുപേരുടെയും ദേഹത്തേക്ക് ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു. മൂവരും കാറില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും വനജാക്ഷിയെ പ്രതി പിന്തുടര്‍ന്നു. തുടര്‍ന്ന് യുവതിയുടെ ദേഹത്തേക്ക് കൂടുതല്‍ പെട്രോള്‍ ഒഴിച്ചശേഷം ലൈറ്റര്‍ ഉപയോഗിച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു.

Related Articles

Latest Articles