തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്ന് വൈകിട്ട് കുറുന്താളി സ്വദേശി അനൂപിന് (37) തെരുവുനായയുടെ കടിയേറ്റത്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ അനൂപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം പാലോട് നന്ദിയോടിന് സമീപം കുറുന്താളിയിലാണ് തെരുവുനായ ആക്രമണമുണ്ടായത്. അനൂപിന്റെ വീടിന്റെ മുറ്റത്ത് മക്കള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ തെരുവുനായ മകളെ ആക്രമിക്കാനെത്തുകയായിരുന്നു. തെരുവുനായയെ ഓടിക്കാനുള്ള ശ്രമത്തിനിടെ തെരുവുനായ അനൂപിനുനേരെ തിരിയുകയായിരുന്നു.
നായയുടെ കടിയിൽ കൈക്കും കാലിനും തലയുടെ വശത്തുമാണ് പരിക്കേറ്റത്. ഉടന്‍തന്നെ പാലോട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

