കൊച്ചി: സംസ്ഥാനത്തെ ചില പിന്നണി ഗായകർക്ക് പിന്നാലെ ലഹരിവേട്ടയുമായി എക്സൈസ്. വനിതകൾ ഉൾപ്പെടയുള്ള പിന്നണിഗായകൻ സംഗീത പരിപാടിക്കിടെ ലഹരി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പത്തോളം ഗായകരെയാണ് എക്സൈസ് നിരീക്ഷിച്ചുവന്നിരുന്നത്. ഇവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലാണ് ലഹരിഉപയോഗം കണ്ടെത്തിയത്. ചലച്ചിത്ര പിന്നണിഗായകരും നിരീക്ഷണത്തിലുണ്ട്. ഒരു പ്രമുഖ യുവനടന്റെ വാഹനത്തിൽ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകൾ എക്സൈസിന് ലഭിച്ചതായും സൂചനയുണ്ട്.
എന്നാൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം പ്രമുഖരും സ്വാധീനമുള്ളവരും ആയതിനാൽ സർക്കാർ അനുമതിയുണ്ടെങ്കിൽ മാത്രം നടപടി എന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ ആലപ്പുഴയിലെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആലപ്പുഴയിൽ എംഎൽഎ യു പ്രതിഭയുടെ മകനെതിരെ കഞ്ചാവ് കേസിൽ നടപടിയെടുത്ത ഉദോഗസ്ഥർ സ്ഥലംമാറ്റം അടക്കമുള്ള നടപടികൾ നേരിട്ടിരുന്നു.
സംഗീത പരിപാടികളിലും സിനിമാ സെറ്റുകളിലും ലഹരി ഉപയോഗം കുറവില്ലാതെ തുടരുകയാണെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റേജ് പ്രോഗ്രാമുകളിൽ അവസാനം വരെ എനർജി നിലനിർത്തുന്നതിനാണ് ഗായകർ രാസലഹരി ഉപയോഗിക്കുന്നത്. ഇത്തരം പരിപാടികളെ ലക്ഷ്യമിട്ട് വൻതോതിൽ രാസലഹരി വസ്തുക്കൾ വിദേശത്ത് നിന്നടക്കം കേരളത്തിലേക്ക് എത്തുന്നുണ്ട്.

