പാരിസ്: ഫ്രാൻസിൽ ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. എല്ലാം തടയുക’ എന്ന മുദ്രാവാക്യം മുഴക്കി ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ തലസ്ഥാന നഗരമായ പാരിസില്‍ പ്രകടനക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീയിടുകയും ഒട്ടേറെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇരുന്നൂറിലധികം പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കലാപത്തിന്റെ വ്യാപനം തടയാൻ തടയാൻ രാജ്യത്തുടനീളം 80,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
റെന്‍സില്‍ ഒരു ബസ്സിന് തീയിട്ടതായും പവര്‍ ലൈനിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും ആഭ്യന്തര മന്ത്രി ബ്രൂണോ റിറ്റെയ്ലോ അറിയിച്ചു. പ്രകടനക്കാര്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
രാജ്യത്തെ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാക്കാനായില്ലെങ്കിലും പ്രക്ഷോഭകാരികൾക്ക് ഗതാഗതം തടസപ്പെടുത്താൻ കഴിഞ്ഞു. തിങ്കളാഴ്ച പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടതിനെ തുടന്നുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയത്. പൊതു അവധികള്‍ വെട്ടിക്കുറയ്ക്കുന്നതും പെന്‍ഷനുകള്‍ മരവിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശനമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ച ബെയ്‌റോ, പരാജയത്തിന് തൊട്ടുപിന്നാലെ രാജിവച്ചിരുന്നു.
ചൊവ്വാഴ്ച, മാക്രോണ്‍ തന്റെ വിശ്വസ്തനായ പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. 12 മാസത്തിനിടെ ഇത് നാലാമത്തെ പ്രധാനമന്ത്രിയാണ്. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് അടിവരയിടുന്നു.
ടിക് ടോക്, എക്‌സ്, എന്‍ക്രിപ്റ്റഡ് സന്ദേശമയയ്ക്കല്‍ ചാനലുകള്‍ എന്നിവയിലൂടെ ഓണ്‍ലൈനായാണ് പ്രതിഷേധം പ്രചാരം നേടിയത്. മാക്രോണിന്റെ നയങ്ങള്‍ അസമത്വം വര്‍ധിപ്പിക്കുന്നുവെന്ന് കരുതിയ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ക്കിടയില്‍ പണിമുടക്കുകള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും തെരുവ് പ്രതിഷേധങ്ങള്‍ക്കുമുള്ള ആഹ്വാനങ്ങള്‍ വലിയ സ്വാധീനം ചെലുത്തി.

