കൊച്ചി : പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കോണ്‍ഗ്രസ് എംപിയും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ആന്റോ ആന്റണി, ഭീകരാക്രമണത്തിൽ ബലിദാനികളായ 42 ഭാരത സൈനികരെയും, ജീവൻ തൃണവത്ഗണിച്ച് രാജ്യം കാക്കുന്ന ലക്ഷക്കണക്കിന് സൈനികരെയും അപമാനിച്ചുവെന്നും പ്രസ്താവനയിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ വക്താവുമായ അനിൽ ആന്റണി വ്യക്തമാക്കി .
‘‘ആന്റോ ആന്റണിയുടെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന രാജ്യവിരുദ്ധവും ആ ഭീകരാക്രമണത്തിൽ ബലിദാനികളായ 42 ഭാരത സൈനികരെയും ജീവൻ തൃണവത്ഗണിച്ച് രാജ്യം കാക്കുന്ന ലക്ഷക്കണക്കിന് സൈനികരെയും അപമാനിക്കുന്നതുമാണ്. തെറ്റ് മനസ്സിലാക്കി അദ്ദേഹം നിരുപാധികം മാപ്പു പറയാൻ തയ്യാറാകണം. അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടികളുമായി ബിജെപി മുന്നോട്ടു പോകും.’’– അനിൽ ആന്റണി പറഞ്ഞു.
“പുൽവാമയിൽ പാകിസ്താന് പങ്കില്ല. സ്ഫോടനം നടന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. അന്ന് 42 ജവാൻമാരെ ഹെലികോപ്റ്ററിൽ എത്തിച്ചില്ല, പകരം റോഡ് മാർഗമാണ് കൊണ്ടുപോയത്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്.” – എന്നിങ്ങനെയൊക്കെയായിരുന്നു ആന്റോ ആന്റണിയുടെ പരാമർശം. ഇതെല്ലാം സത്യപാൽ മാലിക് പറഞ്ഞുവെന്നാണ് ആന്റോ ആന്റണിയുടെ വാദങ്ങൾ. സത്യപാൽ മാലിക് പറഞ്ഞതിനെ ചാരിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഈ വാദങ്ങൾ സൈന്യം അന്നേ തള്ളിക്കളഞ്ഞിരുന്നു.

