ഉത്തരാഖണ്ഡ് മുൻ വനംമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകൾ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് വ്യക്തമാക്കിക്കൊണ്ട് അവര്‍ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കരൺ മഹാരയ്ക്ക് കത്തയച്ചു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജി എന്നാണ് കത്തിൽ പറയുന്നത്.
ഹരക് സിങ് വനം മന്ത്രിയായിരിക്കെ കോര്‍ബറ്റ് കടുവാ സങ്കേതത്തില്‍ നടത്തിയ അനധികൃത മരം മുറിക്കലും നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഗുസൈന്റെ രാജി. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹരക് സിങ് റാവത്തിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുഷ്‌കര്‍ സിങ് ധാമി മന്ത്രിസഭയില്‍ നിന്നും ബിജെപിയില്‍നിന്നും പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഹരക് സിങ് അനുകൃതി ഗുസൈനോടൊപ്പം കോണ്‍ഗ്രസിലെത്തിയത്. കോൺഗ്രസിൽ എത്തിയതിന് പിന്നാലെ നടന്ന 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അനുകൃതി ലാന്‍സ്ഡൗണ്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. മുമ്പ് സൗന്ദര്യ മത്സരങ്ങളിൽ സജീവമായിരുന്ന അനുകൃതി ഗുസൈന്‍ 2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ പട്ടം നേടിയിരുന്നു.

