കോഴിക്കോട് : പേരാമ്പ്രയിൽ തോട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടി പോലീസ്.അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിന്റെ (26) മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ നേരത്തെ പോക്കറ്റടിക്കേസുകളിൽ ഉൾപ്പെട്ടയാളെന്നാണ് വിവരം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽനിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. അനു ഒരു ബൈക്കിൽ കയറിയതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ലിഫ്റ്റ് ചോദിച്ചു യുവതി ബൈക്കിൽ കയറിയെന്നാണു സൂചന. ഈ ബൈക്കിലുണ്ടായിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുങ്ങി മരണമെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ. എന്നാൽ കാലുതെന്നി വെള്ളത്തിൽ വീണതാകാമെന്ന സാധ്യതയെ പാടെ തള്ളിക്കളയുകയാണ് അനുവിന്റെ ബന്ധുക്കൾ. മുട്ടിന് താഴെ മാത്രമാണ് തോട്ടിൽ വെള്ളമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഒരാൾ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണ്. ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളെവിടെയെന്നതുമാണ് ദുരൂഹത കൂട്ടുന്നത്. പിന്നീട് പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടിൽ അർധനഗ്നയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്‍റെ പഴ്സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

