Sunday, December 21, 2025

ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കിയത്: മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ സ്തുതിച്ചത്. ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കിയതെന്ന് അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിലയിരുത്തുന്നു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണ് ഈ തിരഞ്ഞെടുപ്പ് വിജയം. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മിക്കുക എന്ന ഗാന്ധിയന്‍ മൂല്യം മോദി ഭരണത്തില്‍ പകര്‍ത്തി. സ്വച്ച് ഭാരതും ഉജ്വല യോജന സ്‌കീമും ഇതിന് ഉദാഹരണമാണ്.

നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. സ്മാര്‍ട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതെ പോകരുത്.

പല വികസിത സമൂഹത്തിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. മുന്‍ സി.പി.എം നേതാവായ അബ്ദുള്ളക്കുട്ടി നേരത്തെയും മോദി അനുകൂല പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മോദിയുടെ വികസനത്തെ കുറിച്ചുള്ള ഒരു പ്രസ്താവനയാണ് അബ്ദുള്ളക്കുട്ടി സി.പി.എമ്മുമായി അകലാനും പുറത്താവാനും കാരണമായത്.

Related Articles

Latest Articles