Saturday, December 13, 2025

പഹൽഗാമിന് പുറമെ ഭീകരർ ലക്ഷ്യമിട്ടത് മൂന്ന് കേന്ദ്രങ്ങളെ !! പിന്തിരിഞ്ഞത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായതിനാൽ; സുപ്രധാന വിവരങ്ങൾ പുറത്ത്

ശ്രീനഗർ : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഭീകരർ പഹൽഗാമിന് പുറമെ മറ്റു മൂന്ന് കേന്ദ്രങ്ങളിൽ കൂടി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. സംഭവത്തിന് രണ്ടു ദിവസം മുൻപ് ഭീകരർ ബൈസരൻവാലിയിൽ ഉണ്ടായിരുന്നുവെന്നും ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഒരാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭീകരർ കഴിഞ്ഞ മാസം 15ന് പഹൽഗാമിലെത്തുകയും ബൈസരൻവാലി ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. ആരുവാലി, പ്രാദേശിക അമ്യൂസ്‌മെൻ്റ് പാർക്ക്, ബേതാബ് വാലി എന്നിവയായിരുന്നു മറ്റ് മൂന്ന് ലക്ഷ്യങ്ങൾ. ഇവിടെയും ഭീകരർ നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായതിനാൽ ആക്രമണത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.

ഭീകരരെ സഹായിച്ചെന്ന് കരുതുന്ന ഏകദേശം 20 ഓളം പേരെ എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർ നിരീക്ഷണത്തിലാണ്. നാലുപേർ ഭീകരർക്ക് നിരീക്ഷണത്തിനും മറ്റും സഹായങ്ങൾ നൽകിയതിൽ നിർണായകപങ്ക് വഹിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് ഇതിനോടകം 2,500-ൽ അധികം പേരെ ചോദ്യം ചെയ്തു. ഇവരിൽ 186 പേരെ വിശദമായ ചോദ്യം ചെയ്യലിനായി സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.ആക്രമണത്തിന് മുൻപ് പ്രദേശത്ത് മൂന്ന് സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles