Friday, December 12, 2025

ഉചിതം ! ഉത്തരവാദിത്ത പൂർണ്ണം ! ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ ആവർത്തിച്ച് ജപ്പാനും യുഎഇയും

ദില്ലി : ഭീകരവാദത്തിനെതിരെയുള്ള ഭാരതത്തിന്റെ നടപടികൾക്ക് പിന്തുണ ആവര്‍ത്തിച്ച് ജപ്പാനും യുഎഇയും. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും രാജ്യസുരക്ഷ മുന്‍നിര്‍ത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗം വ്യക്തമാക്കാനും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങൾ സന്ദർശനത്തിനെത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും ഓപ്പറേഷൻ സിന്ദൂറിനോടുള്ള തങ്ങളുടെ പിന്തുണ ആവർത്തിച്ചത്.

ജനതാദള്‍(യു) എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ജപ്പാന്‍ വിദേശകാര്യമന്ത്രി തകേഷി ഇവായയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജപ്പാന്‍ ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ചത്. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എപ്പോഴും നിലകൊള്ളുമെന്ന് ജപ്പാന്‍ അറിയിച്ചതായി സഞ്ജയ് ഝാ പറഞ്ഞു. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗയേയും സംഘം സന്ദര്‍ശിച്ചു.

യുഎഇയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി ശിവസേന ( ഷിന്‍ഡെ) എംപി ശ്രീകാന്ത് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന് യുഎഇ എല്ലാവിധ സഹകരണവും നല്‍കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചതായി ഷിന്‍ഡെ പറഞ്ഞു. നിരപരാധികളെ കൊലപ്പെടുത്താന്‍ ഇസ്ലാമതം പഠിപ്പിക്കുന്നില്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ഉന്നത എമിറാത്തി നേതാക്കളായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഡോ. അലി അല്‍നുഐമി തുടങ്ങിയവരുമായി സംഘം ചര്‍ച്ച നടത്തി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും യുഎഇയും ഒന്നിച്ചു പോരാടുമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.

Related Articles

Latest Articles