ചെന്നൈ :പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ ശ്രീലങ്കയിലെത്തിയെന്ന സംശയത്തിൽ കൊളംബോ വിമാനത്താവളത്തിൽ പരിശോധന. ചെന്നൈയിൽനിന്നും വന്ന യുഎൽ 122-ാം നമ്പർ വിമാനത്തിലാണ് ഇന്ത്യ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പരിശോധന നടത്തുന്നത്.
ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നുച്ചയ്ക്ക് 12 മണിയോടെ എത്തിയ വിമാനത്തിൽ ശ്രീലങ്കൻ പോലീസും ശ്രീലങ്കൻ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ശ്രീലങ്കൻ എയർലൈൻസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ആറുപേർ വിമാനത്തിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

