കോട്ടയം : ഫോൺ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ പിതാവിന് ദാരുണാന്ത്യം. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.
രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഇത് സംബന്ധിച്ച് വീണ്ടും വാക്കേറ്റം നടന്നു. ഇതിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നു.. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. അടിപിടിക്കിടയിൽ രാഹുലിന്റെ തലയ്ക്കും പരിക്കുണ്ട്.

