പാലക്കാട്: മലമ്പുഴയിലെ പാറയിടുക്കിൽ 45 മണിക്കൂറിലധികമായി കുടുങ്ങിയ ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. ഇത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം. സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. അദ്ദേഹം ബാബുവിന് വെള്ളവും ഭക്ഷണവും കൊടുത്തു. സൈനിക കമാണ്ടോയായ ബാല എല്ലാ അർത്ഥത്തിലും രക്ഷകനായി മാറി. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാപ്രവർത്ഥനങ്ങൾ നടത്തിയത്. ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്നാണ് സേനയുടെ വിലയിരുത്തൽ.
‘ഞങ്ങൾ എത്തി പേടിക്കേണ്ട’ന്നു കരസേനാ സംഘം പറഞ്ഞപ്പോൾ ബാബു തിരിച്ച് മറുപടി പറഞ്ഞു. ‘വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട’ എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞു. ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്. പിന്നാലെ രണ്ടും കൽപ്പിച്ച് ബാല താഴേക്കിറങ്ങി. ബാബുവിന് അടുത്ത് എത്തുകയും ചെയ്തു.
രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് മുകളിലേയ്ക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജാണ് ദൗത്യ സംഘത്തെ നയിക്കുന്നത്. ഇനി ഏതാനും മിനിറ്റുകൾക്കുള്ളിൽ ബാബുവിനെ ബാബുവിനെ മുകളിലെത്തിയ്ക്കും. ശ്രമം പൂർണ്ണമായും വിജയിക്കുമെന്ന് സൈന്യം ഉറപ്പ് നൽകുകയാണ്.

