ട്വന്റി ഫോർ ന്യൂസിലെ പ്രധാന അവതാരകനായ മൊട്ട അരുൺ എന്നറിയപ്പെടുന്ന അരുൺ കുമാർ 24 ന്യൂസ് ചാനൽ വിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.. ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോർ ന്യൂസിലെ അതിവിശ്വസ്തനായിരുന്നു അരുൺകുമാർ.. ട്വന്റി ഫോറിനെ ജനകീയ ബ്രാൻഡാക്കിയതിന് പിന്നിൽ അരുൺകുമാറിനും വലിയ പങ്കുണ്ട്. ഇത്തരത്തിലൊരു അവതാരകനാണ് മുട്ടിൽ മരം മുറിക്കാലത്തെ വിവാദങ്ങൾക്കൊപ്പം ചാനലിന് നഷ്ടമാകുന്നത്.
കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയാണ് അരുൺ കുമാറിന്റെ പോക്ക്. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു വർഷമായി അവധി എടുത്തായിരുന്നു ട്വന്റി ഫോർ ന്യൂസിൽ അരുൺകുമാർ ജോലി ചെയ്തിരുന്നത്. ഈ അവധിക്കാലം തീർന്നതോടെയാണ് ട്വന്റി ഫോർ ന്യൂസിനെ വിടാൻ അരുൺകുമാറിനെ നിർബന്ധിതനാക്കിയത്. മാത്രമല്ല മൂട്ടിൽ മരം മുറിക്കേസുമായി 24 ന്യൂസിനുള്ള ബന്ധത്തിൽ അരുൺകുമാറിന് അഭിപ്രായവ്യത്യാസമുണ്ട് എന്നും അതാണ് സ്ഥാപനം വിടാൻ തീരുമാനിച്ചതെന്നുമൊക്കെയാണ് അന്തരീക്ഷത്തിലെ അടക്കം പറച്ചിലുകൾ.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ അരുൺകുമാർ കേരളാ യൂണിവേഴ്‌സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. കുട്ടികൾക്ക് ക്ലാസും എടുക്കാൻ തുടങ്ങി. അവധി നീട്ടി കിട്ടാനുള്ള അപേക്ഷ കേരളാ യൂണിവേഴ്‌സിറ്റിക്ക് അരുൺകുമാർ നൽകിയിരുന്നു എങ്കിലും പ്രൊബേഷൻ കാലത്ത് ഇനിയും അധികകാലം അവധി തരാനാകില്ലെന്ന നിലപാട് സിൻഡിക്കേറ്റ് എടുക്കുകയായിരുന്നു. ഇതോടെയാണ് ട്വന്റി ഫോറിലെ അവതാരക കുപ്പായം അരുൺകുമാർ അഴിച്ചു വയ്ക്കുന്നത്.
മുട്ടിൽ മരം മുറിയിൽ ദീപക് ധർമ്മടം ട്വന്റി ഫോർ ന്യൂസിന് വളരെ വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ചാനൽ മേധാവിയായ ശ്രീകണ്ഠൻ നായർ ന്യൂസിൽ വന്ന് വളരെയധികം അസ്വസ്ഥനായി പ്രതിരോധത്തിന് ശ്രമിക്കുന്ന കാഴ്ചയാണ് കുറച്ചു ദിവസമായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചാനലിലെ പ്രധാന മുഖം തന്നെ ജോലി വിട്ട് കേരളാ സർവ്വകലാശാലയിലെ മെച്ചപ്പെട്ട ജോലിയിൽ തിരികെ പ്രവേശിക്കുന്നത്.
ഇത് ശ്രീകണ്ഠൻ നായർക്ക് ചെറിയ ക്ഷീണമൊന്നുമല്ല സമ്മാനിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. നേരത്തെ അരുൺകുമാറിന്റെ ജോലിയുമായി ബന്ധപ്പെട്ട് വളരെ വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്.
ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് അരുൺകുമാർ ഒരു വർഷം മുമ്പ് ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചത്. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതി കേരള യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം പിൻവലിച്ചത് വലിയ ചർച്ചയായിരുന്നു.
കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ഒരു വർഷം മുമ്പ് വളരെ വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ചാനൽ പ്രോജക്റ്റ് എന്ന പേരിൽ പ്രതിഫലമില്ലാതെ ചാനലിൽ ജോലി ചെയ്യാനുള്ള ഉത്തരവ് സർവ്വകലാശാല ഇറക്കിയതും വിവാദമായി.
സർവ്വകലാശാലയിൽ നിലനിൽക്കുന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് അരുൺകുമാറിന് വേണ്ടി ഇത്തരം ഒരു വിചിത്ര ഓർഡർ 2020 മാർച്ചിൽ സർവ്വകലാശാല പുറത്തിറക്കിയത്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് ലീവ് പോലും എടുക്കാതെ അരുൺകുമാർ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി ഈ സമയത്ത് നിറഞ്ഞാടിയത്.
കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. കഴിഞ്ഞ വർഷമാണ് നിയമനം ലഭിച്ചത്. പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കവേയാണ് അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസറായി ജോലി ലഭിക്കുന്നത്.
എന്തായാലും മുട്ടിൽ മരംമുറിക്കേസുമായി നട്ടം തിരിയുന്ന ഈ നേരത്തു തന്നെ അരുൺ കുമാർ 24 വിട്ടത് ശ്രീകണ്ഠൻ നായർക്ക് മുട്ടൻ പണി തന്നെ ആയി മാറിയിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

