Friday, December 12, 2025

“ഹിന്ദുക്കൾ ഭിന്നിച്ചു നിൽക്കുന്നിടത്തോളം കാലം, ഹിന്ദു മതത്തിനും ആചാരങ്ങൾക്കുമെതിരെയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും തുടർന്നു കൊണ്ടേയിരിക്കും !”- തിരുപ്പരൻകുണ്ഡ്രത്തെ അനീതിയിൽ പ്രതികരണവുമായി പവൻ കല്യാൺ

ജാതി, പ്രാദേശിക, ഭാഷാപരമായ വേർതിരിവുകളിൽ ഹിന്ദുക്കൾ ഭിന്നിച്ചു നിൽക്കുന്നിടത്തോളം കാലം, ഹിന്ദു മതത്തിനും അതിൻ്റെ ആചാരങ്ങൾക്കുമെതിരെയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും തുടരുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പരൻകുണ്ഡ്രം ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം ഹൈന്ദവ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ് മാസമായ കാർത്തികയിൽ മലമുകളിൽ വിളക്ക് കൊളുത്തുന്ന പുരാതനമായ ആചാരം നടത്താൻ നിയമപരമായ അവകാശം നേടിയ ശേഷവും ഭക്തർക്ക് സാധിക്കാതെ വന്നത് ഭക്തർക്കിടയിൽ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

പവൻ കല്യണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

മുരുക ഭഗവാൻ്റെ ആറ് വാസസ്ഥലങ്ങളിൽ (ആറുപടൈ വീടുകൾ) ആദ്യത്തേതാണ് തിരുപ്പരൻകുണ്ഡ്രം. തമിഴ് മാസമായ കാർത്തികയിൽ മലമുകളിൽ വിളക്ക് കൊളുത്തുന്ന ആചാരം ഹിന്ദുക്കളുടെ പുരാതനമായ പാരമ്പര്യമാണ്. ഇന്ന് ഭാരതത്തിലെ ഹിന്ദുക്കൾക്ക് തങ്ങളുടെ വിശ്വാസം ആചരിക്കുന്നതിനും അനുഷ്ഠാനങ്ങൾ നടത്തുന്നതിനും വേണ്ടി നിയമപരമായ ഇടപെടലുകൾ തേടേണ്ടി വരുന്നത് ദുഃഖകരവും വിരോധാഭാസവുമാണ്. നിർണ്ണായകമായ ഒരു നിയമപോരാട്ടത്തിൽ വിജയിച്ചതിനു ശേഷവും, സ്വന്തം സ്വത്തിൽ വെച്ച് ഭക്തർക്ക് ലളിതവും സമാധാനപരവുമായ ഒരു ആചാരം നടത്താൻ കഴിയുന്നില്ലെങ്കിൽ, തങ്ങളുടെ സ്വന്തം രാജ്യത്ത് എവിടെയാണ് അവർക്ക് ഭരണഘടനാപരമായ നീതി ലഭിക്കുക?

ചുരുക്കത്തിൽ, ഭാരതത്തിലെ എല്ലാ ഹിന്ദുക്കളും ഇത് മനസ്സിലാക്കണം: കയ്പേറിയ സത്യം ഇതാണ് – ദീപസ്തംഭം കത്തിക്കാനുള്ള നമ്മുടെ അവകാശം ചെന്നൈ ഹൈക്കോടതി ആദ്യം ഒരു സിംഗിൾ ജഡ്ജിയും, പിന്നീട് ഉയർന്ന ബെഞ്ചും ശരിവെച്ചു. നിയമപരമായി, പോരാട്ടത്തിൽ വിജയിച്ചു. എന്നിട്ടും, പ്രായോഗികമായി, നമുക്ക് ഒത്തുതീർപ്പിന് നിർബന്ധിതരാകേണ്ടി വന്നു.

നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക – ഏതെങ്കിലും ഒരു മതപരമായ ഉത്സവം ഒരാഴ്ച വൈകിപ്പിക്കാൻ കഴിയുമോ? ഒരു പുണ്യദിനത്തിലെ ആഘോഷം മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാൻ കഴിയുമോ? ഇല്ല. കാരണം, മതപരമായ സമയത്തിൻ്റെ പവിത്രതയിലും ഓരോ മതകലണ്ടറിൻ്റെ സമഗ്രതയിലും വിട്ടുവീഴ്ചയില്ല.

എങ്കിലും, സനാതന ധർമ്മത്തെ സംബന്ധിച്ചിടത്തോളം, ആ നിമിഷം—ആ പുണ്യ കാർത്തിക ദീപം—മോഷ്ടിക്കപ്പെട്ടു, എന്നെന്നേക്കുമായി അപ്രത്യക്ഷമായി. എന്തുകൊണ്ട്? കാരണം ഹിന്ദുക്കളെ നിസ്സാരമായി കണക്കാക്കാം. ചിലപ്പോൾ സർക്കാരുകളാണ്, ചിലപ്പോൾ ഭരണനിർവ്വഹണ വിഭാഗമാണ്, ചിലപ്പോൾ എൻജിഒകളാണ്, മറ്റുചിലപ്പോൾ ഏതെങ്കിലും വ്യാജ ബുദ്ധിജീവി കൂട്ടങ്ങളാണ് – പക്ഷെ ഓരോ തവണയും, നഷ്ടം അംഗീകരിച്ച് ഒത്തുതീർപ്പിന് തയ്യാറാകുന്നത് ഹിന്ദുക്കളാണ്. നമ്മൾ അവകാശം നേടി, പക്ഷേ ആചാരം നഷ്ടപ്പെട്ടു. ഈ ആവർത്തിച്ചുള്ള, വ്യവസ്ഥാപിതമായ നിഷേധം കാരണമാണ് കോടതി വിജയങ്ങൾക്കപ്പുറം കൂടുതൽ ആവശ്യപ്പെടേണ്ട സമയം വന്നിരിക്കുന്നത് – ഭക്തർ സജീവമായി തങ്ങളുടെ ക്ഷേത്രങ്ങളും മതകാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഒരു സനാതന ധർമ്മ രക്ഷാ ബോർഡ് നമുക്ക് ആവശ്യമാണ്.

ചില ഗ്രൂപ്പുകൾക്ക് ഹിന്ദു പാരമ്പര്യങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്നത് ഒരു പതിവായി മാറിയിരിക്കുന്നു. മറ്റ് മതപരമായ ചടങ്ങുകളുടെ കാര്യത്തിൽ ഇതേ ധൈര്യം അവർ കാണിക്കുമോ?

ആർട്ടിക്കിൾ 25 ഹിന്ദുക്കൾക്ക് ഒരു മൗലികാവകാശമല്ലാതെ ഒരു ഓപ്ഷണൽ അവകാശമായി മാറുന്നുണ്ടോ? ഒരു പോലീസ് കമ്മീഷണർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ ഒരു പ്രത്യേക ഹൈക്കോടതി നിർദ്ദേശത്തെ ഏകപക്ഷീയമായി അസാധുവാക്കാൻ കഴിയുമോ? നിയമപരമായി സ്വന്തമായ ഭൂമിയിൽ ദീപം കൊളുത്തുന്നത് ഒരു “ദോഷകരമല്ലാത്ത മതപരമായ പ്രവൃത്തി” ആണെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചെങ്കിൽ, ഏത് നിയമപരമായ സംവിധാനം ഉപയോഗിച്ചാണ്, ആരാണ് ഈ ആചാരം “സാമുദായിക സൗഹൃദത്തിന്” ഭീഷണിയാണെന്ന് തീരുമാനിക്കുന്നത്? എച്ച്.ആർ. & സി.ഇ. (HR&CE) വകുപ്പ് എങ്ങനെയാണ് സ്ഥിരമായി ഹിന്ദു ഭക്തരുടെയും അവരുടെ ക്ഷേത്രങ്ങളുടെ പാരമ്പര്യങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നത്, ഈ ഉദ്യോഗസ്ഥർ എങ്ങനെയാണ് ഗുരുതരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്?

മതപരമായ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അബ്രഹാമിക് മതങ്ങൾ (അറേബ്യൻ ഉത്ഭവമുള്ള മതങ്ങൾ) കാണിക്കുന്ന കൂട്ടായ മനോഭാവവും ഐക്യദാർഢ്യവും ഹിന്ദുക്കൾ നിരീക്ഷിക്കണം. തങ്ങളുടെ വിശ്വാസത്തിനു വേണ്ടി അവർ വംശീയവും പ്രാദേശികപരവും ഭാഷാപരവുമായ വ്യത്യാസങ്ങളെ മറികടക്കുന്നു.

ജാതി, പ്രാദേശിക, ഭാഷാപരമായ വേർതിരിവുകളിൽ ഹിന്ദുക്കൾ ഭിന്നിച്ചു നിൽക്കുന്നിടത്തോളം കാലം, ഹിന്ദു മതത്തിനും അതിൻ്റെ ആചാരങ്ങൾക്കുമെതിരെയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും തുടരും. നമ്മുടെ രാജ്യത്തെ ഹിന്ദുക്കൾ ഹിന്ദു ധർമ്മത്തിൻ്റെ (അഥവാ തമിഴിൽ ‘അറം’) കൂട്ടായ മനോഭാവത്തോടെ ഒരു പൊതു പരിപാടിക്ക് കീഴിൽ ഒന്നിക്കുന്നില്ലെങ്കിൽ, ഈ മനോഭാവം നഷ്ടപ്പെടും.

കാശ്മീർ മുതൽ കന്യാകുമാരി വരെയും കാമാഖ്യ മുതൽ ദ്വാരക വരെയുമുള്ള ഓരോ ഹിന്ദുവും സ്വന്തം നാട്ടിൽ ഹിന്ദുക്കൾ നേരിടുന്ന ഈ അപമാനം തിരിച്ചറിയുന്ന ഒരു ദിവസത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു.

Related Articles

Latest Articles