Sunday, December 14, 2025

ചൈനയ്ക്ക് ഇനി ‘മാപ്പില്ല’ ! ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെവീണ്ടും പ്രകോപനവുമായി ചൈന; ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തായ്‌വാനും തങ്ങളുടേതെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ചൈന തങ്ങളുടെ 2023 വർഷത്തെ ഭൂപടം പ്രസിദ്ധീകരിച്ചു

ബെയ്ജിങ് : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെ പ്രകോപനപരമായ നീക്കവുമായി ചൈന. ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തായ്‌ വാനും തങ്ങളുടേതെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ചൈന തങ്ങളുടെ 2023 വർഷത്തെ ഭൂപടം പ്രസിദ്ധീകരിച്ചു. ഇന്നലെ പുറത്തിറക്കിയ ഭൂപടത്തിൽ ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽപ്രദേശിനെയും 1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ പ്രദേശത്തിന് പുറമെ തായ്‌വാനും തങ്ങളുടേതാണെന്നാണ് ചൈന വാദിക്കുന്നത്. ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിങ് ആന്റ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയതെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോർട്ട് ചെയ്തു.

തായ്‌വാൻ, വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുന്നയിക്കുന്നു എന്നിരിക്കെ ഇവിടത്തെ ഭൂരിഭാഗം സ്ഥലവും തങ്ങളുടേതാണെന്നാണ് ചൈന ഭൂപടത്തിൽ വാദിക്കുന്നത്. ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖല ഏതാണ്ട് പൂർണ്ണമായും ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11 ന് ഏകപക്ഷീയമായി ചൈന മാറ്റിയിരുന്നു, പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഇപ്രകാരം പേര് മാറ്റിയവയിൽ ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം തന്നിഷ്ട പ്രകാരം ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.

അരുണാചൽപ്രദേശിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ച് രംഗത്തെത്തിയിരുന്നു. ‘ഇത് ആദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത്. ഇത്തരം ശ്രമങ്ങളെ ഞങ്ങൾ ഇതിനകം അപലപിച്ചിട്ടുണ്ട്. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങൾ പറഞ്ഞിരുന്നു. ഇതേപോലെ കണ്ടുപിടിച്ച പേരുകൾ അടിച്ചേൽപ്പിക്കുന്നത് യാഥാർത്ഥ്യത്തെ മാറ്റില്ല’ – അരിന്ദം ബാഗ്ചി വ്യക്തമാക്കി.

Related Articles

Latest Articles