ദില്ലി : സ്വാതി മലിവാളിനെതിരായ ആക്രമണക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പി എ വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി തീസ് ഹസാരി കോടതിയാണ് വിഭവിന്റെ ജാമ്യാപേക്ഷ തള്ളിയത്. മെയ് 13 ന് അറസ്റ്റിലായ വിഭവിനെ മെയ് 24 ന് നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കാത്തുനിൽക്കുമ്പോൾ വിഭവ് ഒരു പ്രകോപനവുമില്ലാതെ തനിക്ക് നേരെ അസഭ്യ വർഷം നടത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് സ്വാതി മാലിവാൾ കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, മരണകാരണമായേക്കാവുന്ന ക്രൂരമായ ആക്രമണത്തിനാണ് സ്വാതി മാലിവാൾ ഇരയായതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും പ്രസ്താവിച്ചിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

